രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും :അമിത് ഷാ

ന്യൂഡല്‍ഹി: അസമിന് സമാനമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമെന്നും രജിസ്റ്ററിന് മതത്തിന്റെ പേരില്‍ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. രജിസ്റ്ററില്‍ നിന്ന് ഒഴിവായവര്‍ക്ക് നിയമപരമായി ട്രിബ്യൂണലിനെ സമീപിക്കാം. പാവപ്പെട്ടവര്‍ക്ക് അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ആരേയും ഒഴിവാക്കാനല്ല എല്ലാ ഇന്ത്യന്‍ പൗരന്മാരേയും രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം പൗരത്വ ഭേദഗതി ബില്ലിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്, പാഴ്‌സി , ക്രിസ്ത്യന്‍ , ജൈന വിഭാഗങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതുണ്ട്. പാകിസ്ഥാന്‍ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ വിവേചനം നേരിട്ട് ഇന്ത്യയിലേക്ക് വന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് അസമില്‍ എന്‍.ആര്‍.സി വീണ്ടും നടത്തുമെന്നും അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചു. അസമില്‍ എന്‍.ആര്‍.സി അന്തിമപട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേരാണ് പുറത്തായത്. പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ ബംഗാളില്‍ ആര്‍ക്കും കഴിയില്ലെന്നും തന്റെ സര്‍ക്കാര്‍ ആളുകളെ വര്‍ഗീമായി വിഭജിക്കില്ലെന്നും മമത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍