കുറുവാദ്വീപ് തുറന്ന് കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്

 പുല്‍പ്പള്ളി: ഹൈക്കോടതി വിധിയെ തുടര്ന്ന് അടച്ചിട്ട കുറുവാദ്വീപ് തുറന്ന് കൊടുക്കാന് ഉത്തരവാദപ്പെട്ടവര്‍ മുന്‍കയ്യെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കുറുവാദ്വീപ് അടച്ചിട്ടതോടെ ദിവസേന എത്തുന്ന ടൂറിസ്റ്റുകള്‍ നിരാശയോടെ മടങ്ങുകയാണ്. കേരളത്തിലെ ഏറ്റവും അധികം എക്കോ ടൂറിസം വികസന സാധ്യതയുള്ള ജില്ലയാണ് വയനാട്.വയനാടന്‍ ചുരം മുതല്‍ ആരംഭിക്കുന്ന മാവിലാംതോട് വരെയുള്ള ടൂറിസ്റ്റ് മേഖലകള്‍ വിനോദ സഞ്ചാരികള്‍ക്ക് ചുരുങ്ങിയത് രണ്ട് മൂന്ന് ദിവസത്തെ കാഴ്ചകള്‍ പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്. കാര്‍ഷിക മേഖലയിലെ വിലയിടിവും വിളനാശവും തളര്‍ത്തിയ വയനാടിനെ രക്ഷിക്കാന് ഇനിയെങ്കിലും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനുള്ള പദ്ധതികള്‍ ഉണ്ടായേ മതിയാകൂ. വയനാടന്‍ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മാണവും റെയില്‍വേ, മെഡിക്കല്‍ കോളജ്, എയര്‍ സ്ട്രിപ്പ് മുതലായ സംവിധാനങ്ങളും നേടിയെടുക്കാനായി കക്ഷി രാഷ്ടീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.വനനിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി റോഡുകളും കുറുവാദ്വീപ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിടാന്‍ ശ്രമിക്കുന്നതിനെതിരേ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് പുല്‍പ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി കെ.എസ്. അജിമോന്‍, ട്രഷറര്‍ പി.സി. ബേബി, ഇ.ടി. ബാബു, കെ. ജോസഫ്, ഇ.കെ. മുഹമ്മദ്, ജോസ് കുന്നത്ത്, കെ.എ. ജയകുമാര്‍, പി.വി. ജോസഫ്, കെ.വി. റഫീക്ക്, വേണുഗോപാല്‍, ബാബു രാജേഷ്, സി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍