കേരള ബാങ്ക് പത്ത് ദിവസത്തിനകം : മന്ത്രി കടകംപള്ളി

തിരുവനന്തപുരം : .അനാവശ്യ പ്രതിഷേധങ്ങളും കേസുകളും കാരണം കാലതാമസമുണ്ടായെങ്കിലും കേരള ബാങ്ക് പത്ത് ദിവസത്തിനകം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കില്‍ ലയിപ്പിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയില്‍ മാറ്റം വരില്ല.സഹകരണമേഖലയെ ആധുനികവത്കരിക്കുക കാലഘട്ടത്തിന്റെ ദൗത്യമാണ്. സഹകരണ മേഖലയുടെ വിപുലീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വേരുള്ള മണ്ണില്‍ ജനകീയ മൂലധനത്തിലൂടെ കോര്‍പ്പറേറ്റ് ശക്തികളെ പ്രതിരോധിക്കാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ജനകീയ മൂലധനമെന്ന ബദലുയര്‍ത്തിയുള്ള പോരാട്ടമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നത്. ഉത്പാദനമേഖലകളില്‍ ജനങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചാല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ഇവിടെയാണ് കിഫ്ബി പോലുള്ളവ ബദലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ കെ. ശ്രീകുമാര്‍, വി.ജോയ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീ, സഹകാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും സഹകരണ യൂണിയന്‍ സെക്രട്ടറി ടി. പത്മകുമാര്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍