ലഹരിമുക്ത വീട് എന്ന നിലയിലേക്ക് ഏവരും മാറണം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പത്തനംതിട്ട: ലഹരി മുക്ത വാര്‍ഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് ഏവരും മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നാളത്തെകേരളം ലഹരി മുക്ത നവകേരളം ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന തലത്തില്‍ തുടങ്ങിയ ലഹരി മുക്ത നവകേരളമെന്ന ബോധവത്കരണ പരിപാടി വാര്‍ഡ് തലം വരെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ലൈബ്രറി പ്രസ്ഥാനത്തിലെ പുതിയ നായകന്മാര്‍ കക്ഷിരാഷ്ട്രീയമന്യേ ലഹരി വിമുക്ത ഗ്രാമത്തിന് നേതൃത്വം നല്‍കണം. നിരോധനം ഒരു പരിഹാരമാര്‍ഗമല്ല. സ്വയം പിന്‍മാറാനുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയാണ് ഉചിതമെന്നും എല്ലാ ജനങ്ങളും ഉദ്യമത്തില്‍ പങ്കാളിയാകണമെന്നും മന്ത്രി പറഞ്ഞു. വിമുക്തിമിഷന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെയും രാഷ്ട്രപിതാവിന്റെ 150ം ജന്മവാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി 90 ദിന തീവ്രയത്‌ന പരിപാടിയായാണ് 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' സംസ്ഥനത്തുടനീളം നടത്തി വരുന്നത്.കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ അവാര്‍ഡ് നേടിയ പി.ശ്യാമളാകുമാരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയും പുരസ്‌ക്കാരവും നല്‍കി ആദരിച്ചു.വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയില്‍ എക്‌സൈസ് സമുച്ചയം നിര്‍മിക്കുന്നതിനു നടപടിയായിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജെറി മാത്യു സാം, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി.ജയചന്ദ്രന്‍, വാര്‍ഡ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.കെ ജേക്കബ്, 14 കേരള എന്‍ സി സി ബറ്റാലിയന്‍ പത്തനംതിട്ട കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എന്‍.പി.എസ്. ടൂര്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍