ഗ്യാസ് ചേംബറില്‍ ഡല്‍ഹി: ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഭീമമായ തോതില്‍ വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം. രാവിലെ എട്ട് മുതലാണ് നിയന്ത്രണം. വാഹന നിയന്ത്രണം നടപ്പാക്കാന്‍ ഡല്‍ഹി ട്രാഫിക് പോലീസിന്റെ 200 ടീമിനെയും 5,000 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചു. ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒമ്പതര മുതല്‍ ആറു വരെ, പത്തര മുതല്‍ ഏഴ് വരെ എന്നിങ്ങനെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം ക്രമീകരിച്ചു. രജിസ്റ്റര്‍ നമ്പര്‍ ഒറ്റയ്ക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ നാല്, ആറ്, എട്ട്, 12, 14 ദിവസങ്ങളില്‍ നിരത്തില്‍ പ്രവേശനമില്ല. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് നവംബര്‍ അഞ്ച്, ഏഴ്, ഒമ്പത്, 11, 13, 15 ദിവസങ്ങളിലും നിരത്തില്‍ പ്രവേശനമില്ല. നിയന്ത്രണം 15 ന് അവസാനിക്കുമെങ്കിലും അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിരുന്നാല്‍ ഇത് ദീര്‍ഘിപ്പിച്ചേക്കും. നവംബര്‍ 10 ഞായറാഴ്ച വാഹന നിയന്ത്രണമില്ല. സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇരു ചക്രവാഹനങ്ങളെയും വൈദ്യുതവാഹനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആംബുലന്‍സ്, സ്‌കൂള്‍ വാഹനങ്ങള്‍, വിഐപികളുമായി പോകുന്ന വാഹനങ്ങള്‍, സ്ത്രീകള്‍ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങള്‍, 12 വയസ് വരെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍, ശാരീരിക വൈകല്യമുള്ളവരുള്ള വാഹനങ്ങള്‍ എന്നിവയ്ക്കും ഇളവ് ലഭിക്കും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതിഭീകരമായ അവസ്ഥയിലാണ്. മിക്കയിടങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 600 കടന്നു. കാഴ്ച പരിധി നൂറു മീറ്ററിലും താഴെയായി കുറഞ്ഞതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 37 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സ്ഥിതി ഗുരുതരമായ അ വസ്ഥയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിര്‍ണയിക്കുന്ന പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 ലവല്‍ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് മിക്കയിടത്തും എക്യുഐ 600നു മുകളിലെത്തിയത്. പിഎം ലെവല്‍ 10 കണക്കാക്കുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന ഏറ്റവും വലിയ സംഖ്യയായ 999 എല്ലായിടത്തും രേഖപ്പെടുത്തുന്നു. എക്യുഐ 100 വരെ തൃപ്തികരവും 401500 വരെ അതിരൂക്ഷമെന്നും വിലയിരുത്തുമ്പോഴാണ് അപകടനിലയിലും വലിയ തോതില്‍ ഉയര്‍ന്ന് അതി ഭീകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍