കനകമല കേസില്‍ ആറു പ്രതികള്‍ക്കും തടവ്

ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

കൊച്ചി: കനകമല ഐഎസ് കേസില്‍ ആറു പ്രതികള്‍ക്കു കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവും 50000 രൂപ പിഴയും രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവുമാണ് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴു വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ. റാഷിദിന് മൂന്നു വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ചു വര്‍ഷമാണ് തടവ് ശിക്ഷ. എട്ടാം പ്രതി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. ഒമ്പതു പ്രതികളുള്ള കേസില്‍ ഏഴു പ്രതികളാണു വിചാരണ നേരിട്ടത്. കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി വിധിച്ചിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിച്ചത്. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതി ചേര്‍ത്ത ഷജീര്‍ അഫ്ഗാനില്‍ വെടിയേറ്റു മരിച്ചെന്നാണ് പറയപ്പെടുന്നത്. 70 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചു. 2016 ഒക്ടോബറില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയ പ്രമുഖര്‍, ചില വിദേശികള്‍ എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങളില്‍ ആക്രമണം നടത്താനുമായിരുന്നു പ്രതികളുടെ പദ്ധതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍