കുട്ടികളുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം : ഐഎപി

കണ്ണൂര്‍: കുട്ടികള്‍ ഇടപഴകുന്ന മുഴുവന്‍ മേഖലകളിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് അധികൃതരും രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്ന് കണ്ണൂരില്‍ ആരംഭിച്ച ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി ) 48ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ വച്ച് കുട്ടികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതും വിഷജന്തുക്കളുടെ കടിയേല്‍ക്കുന്നതുമടക്കമുള്ള വാര്‍ത്തകള്‍ ഗൗരവത്തോടെതന്നെ സര്‍ക്കാരുകളും പൊതുസമൂഹവും ഏറ്റെടുക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും അതുവഴി അവര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് അക്കാദമിയുടെ ഈ വര്‍ഷത്തെ മുഖ്യലക്ഷ്യം. കേരളത്തില്‍ പിറക്കുന്ന എല്ലാ നവജാതശിശുക്കളിലും കേള്‍വി പരിശോധന നടത്തി ബധിരതയുണ്ടെങ്കില്‍ ചികിത്സ ഉറപ്പുവരുത്തും.
കേരളത്തെ ശ്രവണസൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക, ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്ക് തുടങ്ങുക, നവജാത ശിശുക്കളിലെ ഹൃദ്‌രോഗങ്ങള്‍ കണ്ടുപിടിച്ചു ചികിത്സിക്കുക, നവജാത ശിശുക്കളിലെ എച്ച്‌ഐവി രോഗബാധ പൂര്‍ണമായും ഇല്ലാതാക്കുക, കുട്ടികളിലെ ക്ഷയരോഗ സംക്രമണം തടയുക, സ്‌കൂളുകളില്‍ കാഴ്ച പരിശോധന തുടങ്ങി ഇരുപതോളം പദ്ധതികള്‍ 2020ല്‍ നടപ്പാക്കും. കേരള ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ.എം. കെ. സി .നായര്‍ ഉദ്ഘാടനം ചെയ്തു. ഐഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രമേശ് മുഖ്യാതിഥിയായിരുന്നു. മുന്‍ ദേശീയ പ്രസിഡന്റ് ഡോ.സച്ചിദാനന്ദ കാമത്ത് സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പ്രഫ.ടി.യു.സുകുമാരന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.എം.നാരായണന്‍, ജനറല്‍ സെക്രട്ടറി ഡോ. ബാലചന്ദര്‍ എന്നിവര്‍ സംസാരിച്ചു. ആജീവനാന്ത സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഡോ. ഗോപിനാഥ്, ഡോ. വേണുഗോപാല്‍, ഡോ. പദ്മനാഭന്‍, ഡോ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിനെ ആദരിച്ചു. ഡോ. കാശി, ഡോ. പിഷാരടി, ഡോ. പുരുഷോത്തമന്‍, ഡോ.ഷീജ സുഗുണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. മോഹന്‍ദാസ് നായര്‍, ഡോ. അലി കുംബ്‌ളേ, ഡോ. രമേഷ് കുമാര്‍, ഡോ. റീത്ത മഹേഷ്, ഡോ. വിജയ് ഭാസ്‌കര്‍ ചെന്നൈ, ഡോ. ഗൗരീശങ്കര്‍ ചെന്നൈ, ഡോ. സന്തോഷ് സോണ്‍സ് മംഗളൂരു, പ്രഫ. പി.എ. മുഹമ്മദ് കുഞ്ഞ് എന്നിവര്‍ ക്ലാസെടുത്തു. വിവിധ സെഷനുകളുകള്‍ക്ക് ഡോ. അന്‍സാരി, ഡോ. നന്ദകുമാര്‍, ഡോ. അജിത്, ഡോ. പ്രശാന്ത്, ഡോ. അഷ്‌റഫ് ,ഡോ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി. പിജി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സെഷനുകളും മത്സരങ്ങളുമുണ്ട്. ഇന്നു രാവിലെ ആറിന് ബീച്ച് മാരത്തണ്‍ നടക്കും. തുടര്‍ന്ന് കണ്ണൂര്‍ ഇ.കെ.നായനാര്‍ അക്കാദമിയില്‍ ആയിരത്തിലധികം ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന പഠന സെഷന്‍ നടക്കും. സെഷനില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭ ഡോക്ടര്‍മാര്‍ 80 ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍