പ്രളയം തകര്‍ത്ത കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക്

കൊച്ചി:പ്രളയം തകര്‍ത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കും കരാര്‍ ഒപ്പിട്ടു. 2020 മെയ് മാസത്തില്‍ പണി ആരംഭിക്കാനാണ് തീരുമാനം.പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ 31 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നല്‍കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയില്‍ 1400 കോടി രൂപയുടെ സഹായമാണ് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക് നല്‍കുന്നത്. മൊത്തം 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടും. കെ.എസ്.ടി.പിയാണ് പണി നടത്തുന്നത്. അടുത്ത വര്‍ഷം മെയില്‍ ആരംഭിക്കുന്ന പണി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാനം കരാര്‍ ഒപ്പിട്ടത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ക്കൊപ്പം ജര്‍മ്മന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ഇന്ത്യന്‍ മിഷന്‍ ടീം ലീഡര്‍ കാര്‍ല ബെര്‍ക്, ഫ്രാങ്ക്ഫര്‍ട്ട് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രോജക്ട് മാനേജര്‍ ജാന്‍ ആല്‍ബര്‍, ഡെല്‍ഹി അര്‍ബന്‍ ഡെവലപ്‌മെന്റ് സീനിയര്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് കിരണ്‍ അവധാനുള എന്നിവര്‍ കരാര്‍ ഒപ്പിടാന്‍ കേരളത്തിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍