മരട് ഫ്‌ളാറ്റ് ഉടമകളുടെ പുന:പരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശനിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ഫ്‌ളാറ്റ് ഉടമകളുടെ പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി വാക്കാല്‍ ഉറപ്പ് നല്‍കി. അതേസമയം, ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സാവകാശം വേണമെങ്കില്‍ കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജനുവരി 11ന് അല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് ഫ്‌ളാറ്റുകളും, 12ന് ജെയിന്‍ കോറല്‍കോവ്,ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് എട്ടിനാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അന്ന് പറഞ്ഞിരുന്നു. 2006ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്‍ സോണ്‍ 3 ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവില്‍ അപ്പാര്‍ട്ട്‌മെന്റുകളുള്ള സ്ഥലം സി.ആര്‍ സോണ്‍ രണ്ടിലാണെന്നും ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍