മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തില്‍ കോഴിക്കോട് രണ്ടു പേരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്‍. അതേസമയം യുഎപിഎ ഗൗര വമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദമാക്കി. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. അറസ്റ്റിലായ അലന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും കണ്ടെത്തിയിരുന്നു. താഹയുടെ വീട്ടില്‍നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും ലഭിച്ചിരുന്നതായി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ ദുരുപയോഗം ചെയ്യപ്പെടുന്നത് അംഗീകരിക്കില്ല. മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തിയതില്‍ സര്‍ക്കാര്‍ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാന്‍ വന്നവരെയല്ല പോലീസ് വെടിവച്ചു കൊന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. നേരത്തേ, യുഎപിഎ അറസ്റ്റിനെതിരേ പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലഘുലേഖ ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റാകില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കേസ് എങ്ങനെ പുനപരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍