തടവുകാരെ കൊണ്ടുപോകുന്ന പോലീസിനു ജാഗ്രത വേണം: ജയില്‍ മേധാവി

തിരുവനന്തപുരം: ജയിലുകളിലെ തടവുകാരുമായി കോടതിയിലോ ആശുപത്രിയിലോ പോകുന്ന പോലീസുകാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നു ജയില്‍ ഡിജിപി ഋഷിരാജ്‌സിംഗ്. പോലീസുകാരുടെ നിസംഗമായ സമീപനം മൂലം പോലീസ് കസ്റ്റഡിയില്‍ വിടുന്ന തടവുകാര്‍ രക്ഷപ്പെടുന്ന പ്രവണത വര്‍ധിക്കുകയാണെന്നും സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ കത്തില്‍ ജയില്‍ ഡിജിപി വ്യക്തമാക്കി. കൊലക്കേസ് പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ജയില്‍ മേധാവി സുരക്ഷ സംബന്ധിച്ച കത്തു നല്‍കിയത്. തടവുകാരന്റെയോ മറ്റുള്ളവരുടെയോ സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ തടവുകാരനെ കയ്യാമം വയ്ക്കാമെന്ന് ജയില്‍ ചട്ടങ്ങളില്‍ പറയുന്നുണ്ട്. തടവുകാര്‍ അപകടകാരികളാണെങ്കില്‍ കാല്‍ച്ചങ്ങലയും ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധിയുമുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. പോലീസുകാരുടെ ജാഗ്രത ക്കുറവു മൂലമാണ് തടവുകാര്‍ രക്ഷപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. പോലീസിന്റെയും ജയില്‍ വകുപ്പിന്റെയും സത്‌പ്പേരിന് ഇതു പലപ്പോഴും കളങ്കമുണ്ടാക്കുന്നുവെന്നു. അതിനാല്‍ തടവുകാരുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയുടെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കണം. ഇതിനായി ബന്ധപ്പെട്ട കമ്മീഷണര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നുള്ള തടവുകാരെ വിവിധ കോടതികളിലേക്കും അസുഖബാധിതരായാല്‍ ആശുപത്രയിലേക്കും കൊണ്ടുപോകുന്ന ചുമതല സംസ്ഥാന പോലീസിനാണുള്ളത്. എന്നാല്‍, സേനയില്‍ പോലീസുകാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ തടവുകാരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി പോലീസിനെ ഉപയോഗിക്കരുതെന്നും അതിനായി ജയില്‍ വാര്‍ഡന്‍മാരെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് മേധാവി ഏതാനും ദിവസം മുമ്പ് ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് പോലീസുകാരുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജയില്‍ മേധാവി മറുപടി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍