ശബരിമല തീര്‍ഥാടനം: സമയബന്ധിതമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കും: മന്ത്രി

പന്തളം: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഒമ്പതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട വിലയിരുത്തല്‍ നടത്തും.ഇത്തവണ വളരെ നേരത്തെ തന്നെ മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഓഗസ്റ്റില്‍ പ്രാഥമിക യോഗവും സെപ്റ്റംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ബന്ധപ്പെട്ട ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രാം ചാര്‍ട്ട് തയാറാക്കിയിരുന്നു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പന്തളത്ത് ഇടത്താവളം നിര്‍മിക്കുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങാനുള്ള സാധ്യത പരിശോധിക്കും. മണ്ഡലകാലത്ത് ഭക്തര്‍ക്ക് നിറഞ്ഞ മനസോടെ ദര്‍ശനം നടത്തി തിരികെ പോകാന്‍ ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പന്തളത്ത് സ്ഥിരം സംവിധാനത്തില്‍ ഫയര്‍‌സ്റ്റേഷന്‍ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. തീര്‍ഥാടനത്തിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജില്ലയിലെ പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പത്തിനകം പൊതുമരാമത്ത് നിരത്ത് വിഭാഗം പൂര്‍ത്തിയാക്കും.തീര്‍ഥാടനത്തിന്റെ ഭാഗമായി പമ്പ, സന്നിധാനം ആശുപത്രികള്‍ 15 വരെ തുറന്നു പ്രവര്‍ത്തിക്കും. ഇതിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ആരോഗ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്. 15 മുതല്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, സഹാസ്, നിലയ്ക്കല്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡ്, പന്തളം വലിയകോയിക്കല്‍ താത്കാലിക ആശുപത്രി എന്നിവിടങ്ങളില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി ജീവനക്കാരെ നിയമിക്കും. പമ്പ, നിലയ്ക്കല്‍, വടശേരിക്കര, റാന്നി, പെരുനാട്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പന്തളം ഇടത്താവളം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളായ റാന്നിപെരുനാട്, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് തുറക്കും.
കെഎസ്ആര്‍ടിസി പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും സര്‍വീസ് നടത്തും. പന്തളം പമ്പ റൂട്ടില്‍ സമയബന്ധിതമായി ആവശ്യമായ ബസ് സര്‍വീസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പന്തളത്ത് 16 പേരടങ്ങുന്ന ടീമാണ് അഗ്‌നിശമന സേനയിലുണ്ടാകുക. ഒരു വാഹനം, ആംബുലന്‍സ്, ജീപ്പ്, റബ്ബര്‍ ഡിങ്കി, നാല് സ്‌കൂബാ ഡൈവിംഗ് വിദഗ്ധര്‍, അഗ്‌നിശമനി, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ഉണ്ടാകും. രണ്ട് കണ്‍ട്രോള്‍ റൂമുകളും സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 120 പോലീസുകാരെയും ശബരിമല ജോലികള്‍ക്കായി പന്തളത്ത് പോലീസ് നിയമിച്ചിട്ടുണ്ട്. പോലീസുകാരെ മഫ്ടിയില്‍ നിയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ രണ്ടു പേരടങ്ങുന്ന സ്‌ക്വാഡുകളെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതമാക്കും. പമ്പയില്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍