സ്ത്രീകള്‍ നീതി തേടി അലയുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതിക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : വിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതികള്‍ക്ക്, പ്രത്യേകിച്ച് കുടുംബക്കോടതികള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി.ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ 10 വര്‍ഷം മുമ്പ് നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ കുടുംബക്കോടതിയോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വടുതല സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. യുവതിയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി.2004 ല്‍ വിദേശത്തേക്ക് പോയ ഇയാള്‍ ഒരു ഇറാനിയന്‍ യുവതിയുമായും പിന്നീട് ഫിലിപ്പൈന്‍ യുവതിയുമായും വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. തുടര്‍ന്നാണ് ജീവനാംശം ലഭിക്കണമെന്നും അടിയന്തര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 2009ല്‍ എറണാകുളം കുടുംബക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെയും മകന്റെയും ചെലവ് വഹിക്കാമെന്ന് ഭര്‍ത്താവ് ഉറപ്പു നല്‍കിയതോടെ കേസ് തുടര്‍ന്നില്ല.എന്നാല്‍ ഭര്‍ത്താവ് വാഗ്ദാനം പാലിക്കാതിരുന്നതോടെ ഹര്‍ജിക്കാരി കുടുംബക്കോടതിയെ സമീപിച്ചപ്പോള്‍ പഴയ ഹര്‍ജി തള്ളിയെന്ന് മനസിലായി. വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പഴയ കേസുകള്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യം വരുമ്‌ബോള്‍ എടുത്തുപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കാനുള്ള ഫ്രീസറുകളല്ല കോടതികളെന്ന് അഭിപ്രായപ്പെട്ട് കുടുംബക്കോടതി ആവശ്യം നിരസിച്ചു. ഇതിനെതിരെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെതിരെ കേസ് നടത്താന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ലെന്നും കേസ് തള്ളിയ വിവരം അറിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരി പത്തു വര്‍ഷം വൈകിയാണ് ഹര്‍ജി പുനഃപരിഗണിക്കണമെന്ന ആവശ്യവുമായി വന്നതെങ്കിലും കാലതാമസത്തിന് മതിയായ കാരണമുണ്ടെന്ന് വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ഇരു കക്ഷികളെയും കേട്ട് ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍