കന്നഡ പഠിപ്പിക്കാനെത്തിയ മലയാളി അധ്യാപകര്‍ക്ക് മൈസൂരുവില്‍ പരിശീലനം: മന്ത്രി രവീന്ദ്രനാഥ്

കാസര്‍ഗോഡ്: ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ കന്നഡ മാധ്യമം ക്ലാസുകളില്‍ അധ്യാപകരായി പിഎസ്‌സി നിയമനം നല്‍കിയവര്‍ക്ക് മൈസൂരുവില്‍ മൂന്നു മാസത്തെ കന്നഡഭാഷാ പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഈ കാലയളവില്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ കന്നഡ അറിയുന്ന താത്കാലിക അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.ജില്ലയില്‍ വിവിധ സ്‌കൂളുകളിലെ കന്നഡ മാധ്യമം ക്ലാസുകളിലേക്ക് ഭാഷാപരിജ്ഞാനമില്ലാത്തവരെ അധ്യാപകരായി നിയമിച്ച വിവാദവുമായി ബന്ധപ്പെട്ടു മന്ത്രിയെ കാണാനെത്തിയ കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയന്റെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിനാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്. 2016 സെപ്തംബര്‍ 30ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ഏതെങ്കിലും തലത്തില്‍ കന്നഡയോ തമിഴോ പഠിച്ചവരെ മാത്രമേ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കന്നഡ/തമിഴ് മാധ്യമം അധ്യാപകരായി നിയമിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ 2013 ഒക്ടോബര്‍ മൂന്നിന് പുറപ്പെടുവിച്ച പിഎസ്‌സി വിജ്ഞാപനമനുസരിച്ചാണ് ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിത വിഭാഗങ്ങളില്‍ കന്നഡ മാധ്യമം ഹൈസ്‌കൂള്‍ അധ്യാപകരുടെ നിലവിലുള്ള റാങ്ക് ലിസ്റ്റ് തയാറാക്കിയത്. 2018 മേയ് 31 ന് മാത്രമാണ് ഈ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. കന്നഡ ഭാഷ അറിയാമോ എന്ന കാര്യം മാത്രം ഇന്റര്‍വ്യൂ സമയത്ത് പരിശോധിക്കണമെന്നുള്ള പഴയ ഉത്തരവനുസരിച്ചാണ് ഈ റാങ്ക് ലിസ്റ്റുകള്‍ തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്കാണ് യഥാര്‍ഥത്തില്‍ ഭാഷാപരിജ്ഞാനമില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ചട്ടമനുസരിച്ച് ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതിരിക്കാന്‍ ആവില്ലെന്നതുകൊണ്ടാണ് പ്രായോഗിക പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ക്ക് കൂടുതല്‍ ഭാഷാപരിശീലനം നല്‍കാന്‍ ഉദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജില്ലയില്‍ 180 കന്നഡ മാധ്യമ സ്‌കൂളുകളും 40,000 ത്തില്‍ കൂടുതല്‍ കന്നഡഭാഷാ വിദ്യാര്‍ഥികളും ഉണ്ടെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പുതുതായി നിയമിക്കപ്പെട്ട അധ്യാപകര്‍ ഈ ക്ലാസുകളിലെത്തി മലയാളത്തില്‍ ക്ലാസെടുക്കുന്നത് ഈ കുട്ടികളോടും ഭാഷാന്യൂനപക്ഷങ്ങളോടുമുള്ള അവഗണനയും അവഹേളനവുമാണ്. ഇവര്‍ക്ക് മൂന്നുമാസത്തെ കന്നഡ പരിശീലനം നല്‍കിയാലും കന്നഡ വിദ്യാര്‍ഥികളോട് നീതി പുലര്‍ത്താനാകില്ല. ഇവരെ തത്തുല്യമായ മലയാള മാധ്യമ സ്‌കൂളില്‍ നിയമിച്ചു വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. അക്കാദമി അംഗങ്ങളായ സച്ചിത റൈ, ഭാരതി ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍