'മഹ' കേരളതീരത്തുനിന്ന് പൂര്‍ണ്ണമായി മാറി

 തിരുവനന്തപുരം: 'മഹ' ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ച ഭീതി ഒഴിയുന്നു. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂര്‍ണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നിലവില്‍ മംഗളുരു തീരത്ത് നിന്നും 390 കിലോമീറ്റര്‍ അകലെയാണ്. കേരളതീരത്തെ മാത്രമല്ല ലക്ഷ്വദ്വീപിലെയും ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഇന്നലെ ലക്ഷ്വദ്വീപിലെ അമ്‌നിദീവിലാണ് ചുഴലിക്കാറ്റിന്റെ സാനിദ്ധ്യം ഉണ്ടായത്. കേരളതീരങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ മറ്റ് മുന്നറിയിപ്പുകളൊന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടില്ല.ലക്ഷ്വദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മണിക്കൂറില്‍ 50 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലാകും കേരളാ തീരങ്ങളില്‍ കാറ്റ് വീശുക. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നില്‍ക്കുന്ന തിരുവനന്തപുരത്ത് നിലവില്‍ നല്ല വെയിലും കാണാന്‍ സാധിക്കുന്നുണ്ട്. മിനിഞ്ഞാന്ന് തൊട്ട് മത്സ്യതൊഴിലാളികളൊന്നും കടലില്‍ മീന്‍ പിടിക്കാനായി പോയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍