വൈകി ഉദിച്ച ബുദ്ധി

 നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇക്കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്നും വന്ന വാര്‍ത്ത സന്തോഷം നല്‍കുന്ന ഒന്നാണ്. അതും ഇന്ത്യയില്‍ തന്നെ ചിലര്‍ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ നിലപാടുകളെയും ഇപ്പോഴും കൊന്നുകൊണ്ടേയിരിക്കുമ്പോള്‍. തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണെങ്കിലും അല്ലെങ്കിലും നമ്മുടെ പ്രധാനമന്ത്രി ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളുടെയും, അതോടൊപ്പം തന്റെ സ്വന്തം മനസ്സാക്ഷിയുടെയും പേരില്‍ ആണയിട്ട് ഇന്ത്യയടക്കം 16 രാജ്യങ്ങള്‍ പങ്കെടുത്ത ബാങ്കോക്ക് ഉച്ചക്കോടിയില്‍ വെച്ച് അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു ഇന്ത്യ ആര്‍.സി.ഇ.പി കരാറില്‍ കക്ഷിചേര്‍ന്ന് ഒപ്പ് ചാര്‍ത്തില്ല എന്ന്. ഇങ്ങിനെയൊരു കരാറില്‍ ഒപ്പിട്ടാല്‍ അത് നമ്മുടെ രാജ്യതാല്‍പര്യത്തിനെതിരാവുമെന്ന് പ്രധാനമന്ത്രിയുടെ രഷ്ട്രീയ കൂട്ടാളികളടക്കമുള്ള വരുടെ ചില സംഘടകളും മറ്റ് മിക്ക രാഷ്ട്രീയപാര്‍ട്ടികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുകയും കേരള നിയമസഭയടക്കം പ്രമേയങ്ങള്‍ വഴി കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഏറെക്കാലമായി കേന്ദ്രം ഈ കരാറില്‍ ഒപ്പിടണമെന്നും, ഒപ്പിടുമെന്നും ഉള്ള നിലപാടിലുമായിരുന്നു. ഏതായാലും ഇപ്പോള്‍ ഈ വൈകി ഉദിച്ച ബുദ്ധി ചൈനയുടെ മാര്‍ക്കറ്റ് വ്യാപന തന്ത്രങ്ങളെ വെട്ടാനുള്ള മുഖ്യലക്ഷ്യത്തോടെ തന്നെയത്രെ.റിജിയനല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക്ക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) എന്ന മുഴുവന്‍ പേരില്‍ അറിയപ്പെടുന്ന ഈ രാജ്യാന്തരകരാര്‍ ആസിയാന്‍ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ അടക്കം 16 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പിടാന്‍ ഏതാണ്ട് തീരുമാനിച്ചിരുന്ന വ്യാപാരക്കരാറാണ്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ലാഗോസ്, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്‍മര്‍, ബ്രൂണെ, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, തായ്‌ലന്റ് വിയറ്റനാം എന്നിവയാണ് ആസിയാന്‍ രാജ്യങ്ങള്‍. ഇവയോടൊപ്പം ചൈന, ആസ്‌ട്രേലിയ, ഇന്ത്യ, ജാപ്പാന്‍, ന്യൂസിലാന്റ്,ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കൂടിയാണ് ഈ രാജ്യാന്തര വ്യാപാരക്കരാറിലെ കക്ഷികളാവാന്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഈ ധാരണക്കെതിരെ എതിര്‍പ്പുയര്‍ന്നുവന്നിരുന്നത് ആഭ്യന്തര ഉല്‍പാദനം, മാനവശേഷി തുടങ്ങിയ യോജിക്കാന്‍ പറ്റുന്ന സമാനമേഖകളൊന്നുമില്ലാത്ത രാജ്യങ്ങള്‍ തമ്മില്‍ ഇങ്ങിനെയൊരു കരാറുണ്ടാക്കിയാല്‍ കരാറില്‍ കക്ഷികളാവുന്നവരിലെ പ്രബല രാജ്യങ്ങള്‍ക്ക് മാത്രമേ ഇത് കൊണ്ട് ഗുണമുണ്ടാവൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിലേറ്റവും വലിയ ഉദാഹരണം ചൈന തന്നെ. അവരുടെ ലക്ഷ്യം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ലോകമാര്‍ക്കറ്റ് പിടിക്കുക എന്നതും ഇപ്പോള്‍ ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ നിലവിലുള്ള മാര്‍ക്കറ്റ് നഷ്ടപ്പെടാതെ നോക്കുക എന്നതും തന്നെ.ഇത് കൊണ്ട് തന്നെയായിരിക്കാം ആര്‍.സി.ഇ.പി കരാര്‍ ഇതരകക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കാന്‍ ചൈന കഠിനയത്‌നം നടത്തിയത്. ഇന്ത്യയും ചൈനയും തമ്മില്‍ ഇപ്പോള്‍ നേരിട്ട് വ്യാപാരക്കരാറുകളൊന്നും നിലവിലില്ല .അതേ സമയം ചൈനീസ് ഉല്‍പന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ആര്‍.സി.ഇ.പി എന്ന പുതിയ വ്യാപാരക്കരാര്‍ ഇന്ത്യയെക്കൊണ്ട് ഒപ്പിടുവിച്ചാല്‍ ഇന്ത്യന്‍ വിപണി ഇനിയും വിപുലപ്പെടുത്താന്‍ സഹായകരമാവും എന്നിടത്താണ് ചൈനയുടെ കണ്ണ്.വിവിധ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ ചൈനയില്‍ നിര്‍മിച്ച് വില കുറച്ച് ഇന്ത്യന്‍ വിപണിയില്‍എത്തിക്കാന്‍ കഴിയും എന്നതാണവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇങ്ങിനെയൊരു കരാറില്‍ ഇന്ത്യ കക്ഷിയായാല്‍ ഇറക്കുമതിക്ക് തീരുവ ഇല്ലാത്തതിനാല്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമല്ലാതാവും എന്നതായിരിക്കും നമ്മുടെ നഷ്ടം.ഏതായാലും ലോകരാജ്യങ്ങളില്‍ ഓടി നടന്ന് ചര്‍ച്ചകളും കരാറുകളും തട്ടിക്കൂട്ടുന്നത് രാജ്യഭരണത്തിന്റെ ഒരു മുഖ്യഭാഗമായി കരുതുന്ന നമ്മുടെ പ്രധാനമന്ത്രി ആര്‍.സി.ഇ.പി കരാറിന്റെ കാര്യത്തില്‍ ഏറ്റവുമൊടുവില്‍ എടുത്തിരിക്കുന്ന ഈ നിലപാട് തീര്‍ച്ചയായും ഇന്ത്യക്കാര്‍ ഒന്നടക്കം സ്വാഗതം ചെയ്യുമെന്നുറപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ആശാഭംഗം സംഭവിച്ചിരിക്കുന്ന ചൈന രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്നടക്കം ഒരേ സമയം സൗഹൃദ-ഗൗരവ ഭാവങ്ങളോടെ സമ്മര്‍ദ്ദം തുടര്‍ന്നു കൊണ്ടേ ഇരിക്കും എന്നതും ഉറപ്പ് തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍