ശബരിമല ഇനി ശരണംവിളികളാല്‍ മുഖരിതം; ക്ഷേത്ര നട തുറക്കുന്നത് വൈകിട്ട്

 പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. 41 നാള്‍ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്നു വിളക്കുകള്‍ കത്തിക്കും. ശരണം വിളികളുമായി കൈകൂപ്പി നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്കു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയില്‍ തീ പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുകയുള്ളൂ.പ്രസാദ വിതരണം കഴിഞ്ഞാല്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങു നടക്കും. ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരൂര്‍ തിരുനാവായ അരീക്കര മനയില്‍ എ.കെ. സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളില്‍ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നു നല്‍കും. മാളികപ്പുറം മേല്‍ശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രത്തിനു മുന്നില്‍ ഇരുത്തി അഭിഷേക ചടങ്ങുകള്‍ ചെയ്തു സ്ഥാനാരോഹണം നടത്തും. അഭിഷേകം പൂര്‍ത്തിയാകുന്നതോടെ ഇരുവരും പുറപ്പെടാ ശാന്തിമാരാകും. കഴിഞ്ഞ ചിങ്ങമാസ പൂജയ്ക്കു നട തുറന്നപ്പോഴാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. തുലാം ഒന്നു മുതല്‍ ഒരു മാസമായി രണ്ടു മേല്‍ശാന്തിമാരും സന്നിധാനത്തു താമസിച്ച് പൂജാകര്‍മങ്ങള്‍ പഠിച്ചുവരികയായിരുന്നു. നാളെ പുലര്‍ച്ചെ നട തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയായിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയും തുറന്ന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനപുണ്യത്തിനു വഴിയൊരുക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ തീര്‍ഥാടനകാലത്ത് ശബരിമലയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മണ്ഡലകാലത്തിനു സമാപനം കുറിച്ച് ഡിസംബര്‍ 27 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. മകരവിളക്കിനായി ഡിസംബര്‍ 30നു നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പോലീസ് തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. ശബരിമല വിധി പുനഃപരിശോധിക്കാന്‍ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ല. ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പോലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയാറായേക്കില്ലെന്നാണു സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍