ആര്‍.സി.ഇ.പി കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം; വിജയം അവകാശപെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി:ആര്‍.സി.ഇ.പി കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതിന് പിന്നാലെ വിജയം അവകാശപെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും. കരാറില്‍ നിന്ന് പിന്മാറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. എന്നാല്‍ കരാറിനെതിരെ നിലപാട് എടുത്ത പ്രതിപക്ഷത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.ആര്‍.സി.ഇ.പി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവ് വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇത് അനുവദിക്കപ്പെടാത്തതിനെ തുടര്‍ന്ന് ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നും അമിത്ഷാ വ്യക്തമാക്കി. പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധതയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു. എന്നാല്‍ ദേശീയ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരുടെയും വിജയമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ശക്തമായ എതിര്‍പ്പാണ് തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതെന്നും സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ കര്‍ഷകരുടെ വിജയമാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ആര്‍.സി.ഇ.പി കരാറിനെതിരെ കര്‍ഷക കൂട്ടായ്മകളുടെ അടക്കം വലിയ വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍