അനു മാലിക്കിനെ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്താക്കി

മുംബൈ:ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്താക്കി. മീടു ആരോപണം നേരിടുന്ന മാലിക്കിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സോണി ടിവിയുടെ നടപടി. ഷോയുടെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനു മാലിക്. മീടു ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐഡല്‍ പത്താം എഡിഷനിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് അനു മലിക്കിനെ ഒഴിവാക്കിയിരുന്നെങ്കിലും പുതിയ എഡിഷനില്‍ അനു മലിക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. മാലിക്കിനെ ജഡ്ജിംഗ് പാനലില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സോണി ടിവിക്ക് നോട്ടീസ് അയച്ചിരുന്നു. മാലിക്കിനെതിരെ കഴിഞ്ഞ വര്‍ഷമാണ് ഗുരുതരമായ മീടു ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. സോന മോഹപത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാരും പേരു വെളിപ്പെടുത്താത്ത മറ്റ് രണ്ട് ഗായികമാരുമാണ് മലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. മാലിക്കിന് പകരക്കാരനെ സോണി ടി.വി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍