'ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകാം റീയൂണിയനില്‍ എന്നെ ക്ഷണിക്കാതിരുന്നത്: പ്രതാപ് പോത്തന്‍

1980 കളില്‍ വെള്ളിത്തിരയിലെത്തിയ സിനിമ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ നിരവധി താരപ്രമുഖരാണ് പങ്കെടുത്തത്. മോഹന്‍ലാല്‍,ജയറാം,പാര്‍വ്വതി, ശോഭന, റഹ്മാന്‍,ലിസ്സി തുടങ്ങി നിരവധി പ്രമുഖരാണ് ഒത്തുകൂടലിനെത്തിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്കെല്ലാമൊടുവില്‍ പരിപാടിക്കെതിരെ ആരോപണങ്ങളും ശക്തമാവുകയാണ്. ഇങ്ങനൊരു പരിപാടിക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപ് പോത്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും'. പ്രതാപ് പോത്തന്‍ കുറിച്ചു.അതേസമയം താരത്തിന് പിന്തുണയുമായി നടന്‍ ബാബു അന്റണി രംഗത്തു വന്നു. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടാണ് ബാബു ആന്റണി പിന്തുണയറിയിച്ചത്. 'അവര്‍ ആരാണെന്ന് എനിക്ക് അറിയില്ല. അവരെ ഒഴിവാക്കൂ. ഇന്ന് നിങ്ങള്‍ ഈ നിലയിലെത്താന്‍ ഇവരില്‍ ആരും ഒരു സംഭാവനയും നല്‍കിയിട്ടില്ല. നിങ്ങള്‍ നല്ല സംവിധായകനും നടനുമാണ്.' ബാബു ആന്റിണി കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍