സെമി ഹൈസ്പീഡ് റെയില്‍വേ ; കുടിയൊഴിപ്പിക്കല്‍ പരമാവധി കുറയ്ക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 532 കിലോമീറ്ററില്‍ 66,405 കോടി ചെലവുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കല്‍ പരമാവധി കുറയ്ക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരൂര്‍ വരെയുള്ള 222 കിലോമീറ്റര്‍ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായാണ് കടന്നുപോകുന്നത്. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്റര്‍ പാത നിലവിലെ റെയില്‍വേ ലൈനിനു സമാന്തരമാക്കാന്‍ കഴിയില്ല. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി നിര്‍മിക്കുമ്പോള്‍ 269 സ്ഥലങ്ങളില്‍ വളവുകള്‍ നിവര്‍ത്തേണ്ടിവരും. കൊടും വളവുകളുള്ള 63 സ്ഥലങ്ങളില്‍ നിലവിലെ റെയില്‍പാതയ്ക്കും നിര്‍ദിഷ്ട പാതയ്ക്കും ഇടയിലുള്ള ഭൂമി അകപ്പെട്ടുപോവുകയും ചെയ്യും. നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായാണെങ്കില്‍ ജനസാന്ദ്രത കൂടിയ മേഖലകളില്‍ കൂടിയാവും പുതിയ പാത നിര്‍മിക്കേണ്ടത്. 45 റെയില്‍വേ മേല്‍പാലങ്ങള്‍, അണ്ടര്‍പാസുകള്‍, 54 സ്റ്റേഷനുകള്‍, യാര്‍ഡുകള്‍ എന്നിവ പരിഷ്‌കരിക്കുകയോ പുനര്‍നിര്‍മിക്കുകയോ വേണ്ടിവരും. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പാത നിര്‍മാണയോഗ്യവും താരതമ്യേന ജനവാസം കുറഞ്ഞതുമായ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിയുടെ ഡിപിആര്‍ പഠനം പുരോഗമിക്കുകയാണ്. അലൈന്‍മെന്റ് നിര്‍ണയിക്കാനുള്ള ലിഡാര്‍ സര്‍വേയ്ക്ക് പ്രാഥമിക നടപടികളായി. രൂപരേഖ പൂര്‍ത്തിയാകുന്നതോടെയേ സ്ഥലമെടുപ്പിന്റെ പൂര്‍ണരൂപം ലഭിക്കൂവെന്നും പി.ടി. തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍