കുവൈത്തില്‍ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് മുന്‍സിപ്പാലിറ്റി

കുവൈത്ത്:കുവൈത്തില്‍ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് മുന്‍സിപ്പാലിറ്റി. ദൗത്യസംഘം ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളില്‍ നിന്ന് ബാച്ച്‌ലര്‍മാരെ ഒഴിപ്പിച്ചു. കുടുംബത്തോടൊപ്പമല്ലാതെ വിദേശികള്‍ക്ക് താമസമൊരുക്കിയാല്‍ ആയിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി. ബാച്ചിലേഴ്‌സിനെ പുറന്തള്ളാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷനും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാര്‍ അല്‍ അമ്മാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യ പാര്‍പ്പിടമേഖലകളില്‍ നിന്ന് കുടുംബമില്ലാതെ താമസിക്കുന്ന മുഴുവന്‍ വിദേശികളെയും പുറത്താക്കുന്നത് വരെ നടപടികള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബാച്ച്‌ലര്‍ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയല്‍ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇതുവരെ 200 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചലര്‍ താമസക്കാരെ ഒഴിപ്പിച്ചു. 250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിര്‍ദേശം പാലിക്കാത്ത 270 കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകള്‍ ആദ്യതവണ 500 ദിനാറും ആവര്‍ത്തിച്ചാല്‍ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു. ക്ലീന്‍ ജലീബ് എന്ന പേരില്‍ പ്രത്യക കാമ്പയിന്‍ ആരംഭിച്ചതിനാല്‍ ജലീബ് അല്‍ ശുയൂഖ് മേഖലയെ താത്കാലികമായി കമ്മിറ്റിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരമാവധി പതിനഞ്ചു മുതല്‍ 21 വരെ ആളുകളെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങളില്‍ നൂറും ഇരുനൂറും പേര്‍ താമസിക്കുന്ന അവസ്ഥയാണ് ജലീബിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍