കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് മടങ്ങി പോകണമെന്ന് പോലീസ്. സുരക്ഷ ഒരുക്കാനാകില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ഇന്നു പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് ബിന്ദു അമ്മിണിയും ചേര്‍ന്നിരുന്നു. ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബിന്ദു അമ്മിണിയെ കൊച്ചിയില്‍ തടഞ്ഞു. ഇവര്‍ക്കു നേരെ മുളകുപൊടി സ്‌പ്രേ ചെയ്തതായും ആരോപണം. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ് സംഭവം.ബിജെപി പ്രവര്‍ത്തകരാണ് തനിക്കുനേരെ ആക്രമണം നടത്തിയതെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. ബിന്ദുവിനെ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്‌പ്രേ അടിച്ചത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ്. ആക്രമണത്തിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ആക്രമണത്തിനിരയായ ബിന്ദു അമ്മിണി ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശബരിമലയിലേക്കു പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍