റോഡ് പുനരുദ്ധാരണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി

 തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മാണവും നടത്തേണ്ടത് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി 300 കോടി രൂപ ലോകബാങ്കിന്റെ വികസനനയ വായ്പയില്‍നിന്ന് അനുവദിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാസൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരന്‍, എ.സി. മൊയ്തീന്‍, തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പിഡബ്ല്യൂഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, കേരള പുനര്‍നിര്‍മാണ പദ്ധതി സിഇഒ ഡോ. വി. വേണു എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍