അതിനാടകീയം; മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍, ഫഡ്‌നാവിസ് മുഖ്യമന്ത്രി

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിവസേന എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരണയായിരുന്നു. സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരദ് പവാര്‍ തന്നെയാണ് ഇന്നലെ വൈകിട്ട് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ന് എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നും പവാര്‍ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടു മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക നല്‍കുമെന്നും സൂചനകളുണ്ടായിരുന്നു. മതേരത്വവും കാര്‍ഷിക ആശ്വാസവും മുഖ്യമായുള്ള പൊതുമിനിമം പരിപാടി, ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാരുടെ വകുപ്പുകള്‍, എണ്ണം, മറ്റു പദവികള്‍ തുടങ്ങിയവ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വിവരം.എന്‍സിപിക്ക് 14, കോണ്‍ഗ്രസിന് 12 മന്ത്രിമാരെന്ന ആവശ്യത്തിനു ശിവസേന വഴങ്ങിയിട്ടുണ്ട്. രണ്ടു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും ധാരണയായിരുന്നു. എന്നാല്‍, ഇന്നലെ അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്‍ക്കൊടുവിലാണ് എന്‍സിപി ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍