രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധത അതുല്യം; വാനോളം പുകഴ്ത്തി കോച്ചും ഛേത്രിയും

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടാനിരിക്കെ ദേശീയ ടീം ക്യാമ്പില്‍ തിരിച്ചെത്തിയ മലയാളി താരം അനസ് എടത്തൊടികയെ വാനോളം പ്രശംസിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ചും ക്യാപ്ടന്‍ സുനില്‍ ഛേത്രിയും. അനസിന്റെ തിരിച്ചുവരവ് ടീമിന് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് പറഞ്ഞ സ്റ്റിമാച്ച്, ഉമ്മ മരിച്ചതിന്റെ വേദന മാറുംമുമ്പേ ക്യാമ്പില്‍ തിരിച്ചെത്തിയത് രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും വ്യക്തമാക്കി. 'പരിക്കോ മറ്റ് പ്രശ്‌നങ്ങളോ കാരണം നമുക്ക് ഇടക്കിടെ കളിക്കാരെ നഷ്ടമാകുന്നുണ്ട്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് അഫ്ഗാനെതിരായ മത്സരത്തിനു മുമ്പ് അനസിന് ക്യാമ്പ് വിടേണ്ടിവന്നു. എങ്കിലും അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ മടങ്ങിയെത്തിയിരിക്കുന്നു. അനസിനെപ്പോലുള്ള കളിക്കാര്‍ ടീമിലുണ്ടെന്ന കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.' സ്റ്റിമാച്ചിനൊപ്പം സംസാരിച്ച ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും അനസിനെ പ്രശംസിച്ചു. 'അനസ് നേരിട്ട നഷ്ടത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. അദ്ദേഹത്തിനും കുടുംബത്തിനും ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതക്ക് തുല്യമായി മറ്റൊന്നുമില്ല. കൈമെയ് മറന്ന് പൊരുതാന്‍ അത് ഞങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു.' സന്ധു പറഞ്ഞു.ഇന്ത്യന്‍ ടീമിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ വ്യക്തിപരമായ വേദന മറക്കാന്‍ അനസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്ടന്‍ സുനില്‍ ഛേത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍