കുല്‍ഭൂഷണ്‍: പാക്കിസ്ഥാനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി

 യുണൈറ്റഡ് നേഷന്‍സ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഉടമ്പടി ലംഘിച്ചുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റ് ജസ്റ്റീസ് അബ്ദുള്‍ ഖ്വാവി യൂസഫ് യുഎന്‍ പൊതുസഭയെ അറിയിച്ചു. വിയന്ന കരാര്‍ പ്രകാരം ജാദവിന് നിയമസഹായം ലഭ്യമാക്കാന്‍ പാക്കിസ്ഥാനു ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജസ്റ്റീസ് യുസഫ് അധ്യക്ഷനായ ബെഞ്ചാണ് കുല്‍ഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് നിര്‍ദേശിച്ചത്. ഈ വിധി സംബന്ധിച്ച റിപ്പോര്‍ട്ടാണ് അദ്ദേഹം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. ജാദവിനു നിയമസഹായം നിഷേധിക്കുന്ന പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.ചാരവൃത്തി ആരോപിച്ച് പിടിയിലായതിന്റെ പേരില്‍ നിയമസഹായം ലഭ്യമാക്കരുതെന്ന് വിയന്ന കരാറില്‍ പറയുന്നില്ലെന്ന് ജസ്റ്റീസ് യൂസഫ് വ്യക്തമാക്കി. നാവികസേനയില്‍നിന്നു വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ്(49) ചാരനാണെന്നാണു പാക്കിസ്ഥാന്റെ ആരോപണം. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനില്‍പ്പോയ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 2017 ഏപ്രിലിലാണ് ഇദ്ദേഹത്തിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.ലോകകോടതിയുടെ വിധി ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയമായിരുന്നു. തടവുകാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര സഹായം ലഭ്യമാക്കണമെന്നതാണ് വിയന്ന കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36ലെ ഒരു വ്യവസ്ഥ. കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്ഥാന്‍ അനുവദിച്ചിരുന്നില്ല. ലോകകോടതിയുടെ ഉത്തരവിന് ശേഷമാണ് പാകിസ്ഥാന്‍ ഇത് അനുവദിച്ചത്.ചാരവൃത്തി ആരോപിക്കപ്പെട്ട വ്യക്തിയുടെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്റെ 36ാം വകുപ്പ് പ്രകാരമുള്ള നയതന്ത്ര സഹായം അനുവദനീയമല്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഈ വകുപ്പില്‍ അത് ഒഴിവാക്കിയിട്ടില്ലെന്നായിരുന്നു കോടതി വിധി.കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചത്. ഇതും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ചട്ടപ്രകാരം ഇന്ത്യയെ വിവരം അറിയിക്കണമായിരുന്നു. തടവുകാര്‍ക്ക് നയതന്ത്ര സഹായം നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2008ല്‍ ഒപ്പിട്ട കരാറിന് വിയന്ന കണ്‍വെന്‍ഷന്റെ പ്രസക്ത വകുപ്പ് ബാധകമല്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ ശക്തമാക്കുന്നതാണ് ഈ കരാര്‍ എന്നായിരുന്നു കോടതി വിധി. ആ കരാറും പാകിസ്ഥാന്‍ ലംഘിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍