സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ജനുവരി മുതല്‍ നടപ്പാക്കും

കല്‍പ്പറ്റ: ജനുവരി ഒന്നുമുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കും. മറ്റു വിഭാഗത്തില്‍പെട്ട പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനും നിയന്ത്രണമുണ്ടാകും. പ്ലാസ്റ്റിക് നിരോധ നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങളുണ്ട്. ഇതുകൂടി പരിഗണിച്ച് ജില്ലാതലത്തില്‍ ഉത്തരവിറക്കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിശദപട്ടിക തയാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയില്‍ യാഥാര്‍ഥ്യമാക്കുക. അയല്‍ ജില്ലയായ തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിനായുള്ള അനുകരണീയ മാതൃകകളും സ്വീകരിക്കും. ആദ്യഘട്ടത്തില്‍ സഹകരണത്തോടെയും പിന്നീട് നിയമം ലംഘിക്കുന്നവര്‍ ക്കെതിരെ നടപടി സ്വീകരിക്കാനുമാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കാരി ബാഗ് അടക്കമുള്ള ശേഖരണം വ്യാപാരസ്ഥാപനങ്ങള്‍ ഡിസംബറോടെ വിറ്റഴിക്കണം. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ മാസ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പൊതുയിടങ്ങളിലും കലാപരമായ വിവിധ ബോധവത്കരണ പരിപാടികളും നടത്തും. പ്ലാസ്റ്റിക്കിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരണം ശക്തമാക്കും. ജില്ലയ്ക്ക് ആവശ്യമായ തുണി, കടലാസ് കാരി ബാഗുകളടക്കം രണ്ടുമാസത്തിനുള്ളില്‍ ലഭ്യമാക്കും. ജില്ലയിലേക്കുള്ള കവാടങ്ങളിലെല്ലാം പ്ലാസ്റ്റിക് നിരോധന സന്ദേശം നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍ എന്നിവയിലൂടെ പൊതുജനങ്ങളിലേക്ക് സന്ദേശമെത്തിക്കും. അയല്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കും. ജനുവരി ഒന്നു മുതല്‍ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍