ഓസ്‌ട്രേലിയയില്‍ മേയറായി കുട്ടനാട്ടുകാരന്‍ ചുമതലയേല്‍ക്കുന്നു

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ സിറ്റി ഓഫ് വിറ്റെല്‍സിയുടെ മേയറായി മലയാളിയും കുട്ടനാട് സ്വദേശിയുമായ ടോം ജോസഫ് ഏഴാം തീയതി ചുമതലയേല്‍ക്കും. വിറ്റെല്‍സിയുടെ ഡെപ്യൂട്ടി മേയറായി കഴിഞ്ഞ നവംബറില്‍ ടോം ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. 2006ല്‍ ഓസ്‌ട്രേലിയയിലെ മെറന്‍ഡയിലേക്ക് കുടിയേറിയതാണ് ടോം ജോസഫ്. കുട്ടനാട് മണലാടി കാപ്പില്‍ പുതുശേരി ജോസഫ്, കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രഞ്ജിനി സഖറിയ ആണ് ഭാര്യ. വിദ്യാര്‍ഥികളായ മറിയ, അമിഷ്, ആന്‍ എന്നിവര്‍ മക്കളാണ്.വിറ്റെല്‍സി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്‌ട്രേലിയയില്‍ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ് ടോം ജോസഫ്. പതിനൊന്ന് അംഗ നഗരസഭയില്‍ ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ പാര്‍ട്ടിക്കും അഞ്ച് അംഗങ്ങള്‍ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്റെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തി. തുടക്കത്തില്‍ വൈസ് പ്രസിഡന്റ് പദവിയും ഒരു വര്‍ഷം മേയര്‍ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് മേയര്‍ സ്ഥാനം ഏറ്റെടുക്കുക.പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ബിസിനസ് ആരംഭിച്ച ടോം മറന്‍ഡ ആന്‍ഡ് ഡോറീന്‍ മള്‍ട്ടി കള്‍ച്ചറല്‍ അസോസിയേഷനിലുടെയാണ് പൊതു രംഗത്തു വന്നത്. കാല്‍ ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദീപാവലി ആഘോഷം നടത്തി സംഘാടകമികവ് കാട്ടിയതിലൂടെ ശ്രദ്ധേയനായ ടോം മറന്‍ഡ റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റായി. മറന്‍ഡയില്‍ പോലീസ് സ്റ്റേഷന്‍ വരാന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു നഗരസഭാ തെരഞ്ഞെടുപ്പിലെ ജയം. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ വോളന്റിയര്‍ സോഷ്യല്‍ ജസ്റ്റീസ് ഓഫീസറായി സേവനം ചെയ്തിട്ടുള്ള ടോം, നിലവില്‍ കത്തോലിക്കാ പള്ളികളുടെയും കിംഗ് ലെയ്ക്ക്, വിറ്റെല്‍സി, മറന്‍ഡ, ഡോറീന്‍ സ്‌കൂളുകളുടേയും കംബയിന്‍ഡ് സോഷ്യല്‍ കമ്മിറ്റി ചെയര്‍മാനുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍