നിതീഷ് കുമാറുമായുള്ള അടുപ്പം മൂലമാണ് ബിജെപി സീറ്റ് നിഷേധിച്ചത്: സരയു റായ്

ജാംഷഡ്പുര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായുള്ള അടുപ്പം മൂലമാണു തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതെന്നു മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സരയു റായി. 2017ല്‍ തന്റെ പുസ്തകം നിതീഷ്‌കുമാര്‍ പ്രകാശനം ചെയ്തതാണു ബിജെപി നേതാക്കളെ ചൊടിപ്പിച്ചതെന്നും ഇക്കാര്യം ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലെ മൂന്നംഗങ്ങള്‍ പറഞ്ഞതായും റായ് പറഞ്ഞു. ജെഡിയു, ജെഎംഎം കക്ഷികളുടെ പിന്തുണ തനിക്കുണ്ടെന്നും റായ് അവകാശപ്പെട്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് റായ് ജംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായ റായ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നേരത്തെ രാജി വച്ചിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും മുമ്പ് റായിയെ അനുനയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഫലംകണ്ടിരുന്നില്ല.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മണ്ഡലമാണു ജംഷഡ്പുര്‍ ഈസ്റ്റ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഗൗരവ് വല്ലഭും ജംഷഡ്പുര്‍ ഈസ്റ്റിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവാണ് ഗൗരവ് വല്ലഭ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍