ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍: മന്ത്രി തിലോത്തമന്‍

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ചുവടുപിടിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് എറണാകുളം പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യഭദ്രതാ നിയമം മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാന തൊഴിലാളികള്‍ പലരും കുടുംബസമേതമാണ് കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമ്പോള്‍ ഇവര്‍ക്കു കേരളത്തില്‍നിന്ന് റേഷന്‍ വാങ്ങുന്നതിനുള്ള സൗകര്യം നടപ്പിലാകും. ഇത് കേരളത്തിന്റെ കമ്പോളത്തിലാകെ ചലനമുണ്ടാക്കും.ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് നിന്നും റേഷന്‍ വാങ്ങാനാവും. അതിന്റെ ആദ്യപടിയായി 10 സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ച് ക്ലസ്റ്റര്‍ രൂപീകരിച്ചുകഴിഞ്ഞു. കേരളത്തിനൊപ്പം കര്‍ണാടകയാണ് ഈ ക്ലസ്റ്ററിലുള്ളത്. റേഷന്‍ ആനുകൂല്യത്തിന് അര്‍ഹരായവരുടെ മുന്‍ഗണന പട്ടിക പുനര്‍ക്രമീകരിക്കുന്നതും ശുദ്ധീകരിക്കുന്നതിനുമാണ് ഏറെ വെല്ലുവിളി നേരിട്ടത്. അനര്‍ഹരായ ഏറെ ആളുകളാണ് റേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. അര്‍ഹരായവര്‍ പുറത്തുനില്‍ക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. വെല്ലുവിളികള്‍ നേരിട്ടെങ്കിലും പട്ടികയുടെ പുനക്രമീകരണവും പുതുക്കലും പൂര്‍ത്തിയാക്കി. 16 ലക്ഷം പരാതികളാണ് ഇക്കാലയളവില്‍ ഭക്ഷ്യവകുപ്പിനു ലഭിച്ചത്. ഇത് മുഴുവനും പരിശോധിച്ച് തീര്‍പ്പാക്കിയാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിലേക്ക് ഭക്ഷ്യവിതരണവകുപ്പ് നടന്നടുക്കുന്നത്. വീടുകളിലേക്കു റേഷന്‍ എത്തിച്ചുനല്‍കുന്ന പദ്ധതിയും ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ചുവടുപിടിച്ചു നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ബി. ജ്യോതി കൃഷ്ണ, പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത്, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. ശോഭ എന്നിവര്‍ പ്രസംഗിച്ചു. മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രഹാസന്‍ വടുതലയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. സഹീര്‍ വിഷയാവതരണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍