ഗാന്ധിവധക്കേസിലെ പ്രതികളെ വാഴ്ത്താന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജിക്ക് മേലെ ഗാന്ധിവധക്കേസിലെ പ്രതികളെ ത്യാഗികളായി വാഴ്ത്തി സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തോടനു ബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറിവരുന്ന തലമുറകള്‍ക്ക് ഗാന്ധിജിയെ മനസിലാക്കാന്‍ കഴിയാതെ പോയേക്കുമോ എന്ന് ഐന്‍സ്റ്റീന്‍ പങ്കുവച്ച ആശങ്ക യാഥാര്‍ത്ഥ്യമാവുന്നുവോയെന്ന് ഉത്കണ്ഠപ്പെടേണ്ട ഘട്ടമാണിത്. അധികാരസ്ഥാനത്തുള്ള ചിലര്‍ തന്നെ ഗാന്ധിജിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി നിറയൊഴിക്കുന്നു. ഗാന്ധി ഘാതകന് ക്ഷേത്രമുണ്ടാക്കുന്നതും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം സമ്മാനിക്കാന്‍ മുറവിളി കൂട്ടുന്നതുമായ ലജ്ജാകരമായ അവസ്ഥയുണ്ട്. ആരുടെയെങ്കിലും ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അലങ്കരിച്ചു വയ്‌ക്കേണ്ടതുണ്ടെങ്കില്‍ അത് ആന്‍ഡമാന്‍ ജയിലില്‍ ബ്രിട്ടീഷുകാരാല്‍ നരകയാതന അനുഭവിച്ചിട്ടും മാപ്പെഴുതിക്കൊടുക്കാത്ത മലയാളി എം.പി. നാരായണമേനോന്റേതായിരുന്നു. അല്ലാതെ ഗാന്ധി വധഗൂഢാലോചനക്കേസിലെ പ്രതിയുടേതായിരുന്നില്ല. 'അയിത്തജാതിക്കാര്‍' എന്ന് മുദ്രയടിക്കപ്പെട്ടവരടക്കമുള്ളവരുമായി പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കു കടന്നുചെന്നതും, വൈക്കത്തെ സാമുദായിക പ്രമാണിമാരോട് അയിത്തത്തെ ന്യായീകരിക്കുന്ന ഒന്നും പ്രമാണഗ്രന്ഥങ്ങളിലില്ലെന്നു തര്‍ക്കിച്ചു സ്ഥാപിച്ചതും, അയ്യങ്കാളിയെ വെങ്ങാനൂരില്‍ സന്ദര്‍ശിച്ചതുമൊക്കെ ഗാന്ധിജിയുടെ പൈതൃകം നവോത്ഥാനത്തിനായി നിലകൊള്ളുന്ന ശക്തികള്‍ക്കവകാശപ്പെട്ടതാണെന്നത് ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു. പോര്‍ബന്തറില്‍ ജനിച്ച് ഡല്‍ഹിയില്‍ വര്‍ഗീയഭ്രാന്തനായ ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ച ഗാന്ധിജിയുടെ ജീവിതം ഇതിഹാസ വ്യാപ്തിയുള്ളതാണ് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍