അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക

കൊച്ചി: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക. സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്റെ ആരോപണം. ഇതേത്തുടര്‍ന്ന്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വേദിയിലെത്തിയ നടന്‍, കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്.പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി, ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കാരണം തിരക്കിയപ്പോഴാണ് മാഗസിന്‍ റിലീസിംഗിന് വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് പറഞ്ഞതായി ഇവര്‍ നടനോട് പറഞ്ഞത്. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞ് വരണമെന്ന ആ ആവശ്യം തള്ളിയ ബിനീഷ് പിന്മാറാന്‍ തയ്യാറായില്ല. വേദിയിലെത്തിയ ബിനീഷ് പ്രതിഷേധ സൂചകമായി കസേരയിലിരിക്കാതെ തറയിലിരുന്നതിനു ശേഷം സദസിനോട് സംസാരിക്കുകയും ഇതിനു ശേഷം വേദി വിടുകയുമാണ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍