മാധവനും അനുഷ്‌കഷെട്ടിയുമൊന്നിക്കുന്ന 'നിശബ്ദം'

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ നിശബ്ദത്തിനായി ആരാധകര്‍ കാത്തിരിക്കുന്നു. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അനുഷ്‌ക ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നിശബ്ദത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്. മാധവനാണ് ചിത്രത്തില്‍ അനുഷ്‌കയുടെ നായകന്‍. മൂകയായ ആര്‍ട്ടിസ്റ്റായിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഹേമന്ദ് മധുക്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക് പതിപ്പിനൊപ്പം തന്നെ സിനിമ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അനുഷ്‌ക ഷെട്ടി. നടിയുടേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ബാഹുബലി സീരിസ് കേരളത്തില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി സീരിസിന് പിന്നാലെ ബാഗ്മതി എന്ന ചിത്രവും നടിയുടേതായി തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയിലും ചെറിയ റോളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍