അച്ചടക്ക നടപടി സഭയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കാന്‍: സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത് നിയമസഭയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കാനാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സഭയുടെ പെരുമാറ്റചട്ടം ലംഘിച്ചാല്‍ താക്കീത്, ശാസന, ഉഗ്രശാസന, സഭയില്‍ നിന്ന് പിന്‍വലിക്കല്‍, നിര്‍ദിഷ്ട കാലത്തേക്ക് സസ്‌പെന്‍ഷന്‍ എന്നിവ നല്‍കാം. ഡയസില്‍ കയറിയവരെ സഭയില്‍ നിന്നു പുറത്താക്കാതെ നിയമസഭാകക്ഷി നേതാക്കളുടെ യോഗം വിളിച്ച് നടപടിയുണ്ടാകുമെന്ന് അറിയിച്ചു. പിന്നീടാണ് ശാസന നല്‍കിയത്. സഭ നടത്തിക്കൊണ്ടുപോകാന്‍ നടപടികള്‍ ആവശ്യമാണ്. കക്ഷിനേതാക്കളുടെ യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചപ്പോള്‍ അംഗീകരിച്ച് മിണ്ടാതിരുന്നശേഷം സ്പീക്കറുടെ നടപടി ചോദ്യം ചെയ്യുന്നത് ശരിയല്ല.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിയമസഭയില്‍ അനുയായികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മോഹഭംഗം വന്ന ആരെങ്കിലും ടാര്‍ജറ്റ് ചെയ്തിട്ടാണോ ഇത്തരം ബഹളമെന്നറിയില്ല. അനാവശ്യ വിവാദത്തിലേക്ക് സ്പീക്കറെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. പ്രതിപക്ഷാംഗങ്ങളുടെ ധാരണ തിരുത്താന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭയില്‍ പ്രതിപക്ഷം ബഹളം വയ്ക്കുമ്പോള്‍ സ്വന്തം ലജ്ജയുടെ പരിധി സ്വയം തീരുമാനിക്കണം. കേരള നിയമസഭ ഇങ്ങനെയൊക്കെയാണോയെന്ന് തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കുന്നതു ശരിയല്ല. നിയമസഭയില്‍ എല്ലാ ദിവസവും ഇങ്ങനെ ബഹളമുണ്ടാക്കുന്നതു ശരിയാണോയെന്നു കക്ഷി നേതാക്കളുടെ യോഗത്തില്‍ ഒ. രാജഗോപാല്‍ ചോദിച്ചു. വായില്‍തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയില്‍ എന്തുംവിളിച്ചുപറയരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍