രവിയുടെ വ്യക്തിത്വം വരുംതലമുറകള്‍ക്ക് പ്രചോദനം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊല്ലം: സാമൂഹ്യനന്മയ് ക്കായി പ്രവര്‍ത്തിച്ച കെ രവീന്ദ്രനാഥന്‍ നായരുടെ വ്യക്തിത്വം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രവീന്ദ്രനാഥന്‍ നായര്‍ക്ക് കൊല്ലം പൗരാവലിയുടെ ആദരം സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.സാമൂഹ്യ ഉന്നമനത്തിനും കലയിലെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലത്തെ അതിജീവിക്കും. കേരളത്തിന് പൊതുവിലും കൊല്ലത്തിന് പ്രത്യേകിച്ചും ഒരു മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. മനുഷ്യ സ്‌നേഹത്തിന്റെ ഒരു നിശബ്ദമായ സ്പര്‍ശം അദ്ദേഹത്തിന്റെ എല്ലാ സംഭാവനകളിലും പ്രകടമായി കാണാം. നിര്‍മിച്ച ചലച്ചിത്രങ്ങള്‍ മുതല്‍ സോപാനം സാംസ്‌കാരിക കേന്ദ്രമടക്കമുള്ള സൃഷ്ടികളിലും അദ്ദേഹത്തിന്റെ സൗന്ദര്യബോധം മുഖമുദ്രയായി നിലനില്‍ക്കുന്നു. നല്ല സിനിമകളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതിബദ്ധത. ഇന്നും അത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ കാരണം അടൂരിലൂടെയും അരവിന്ദനിലൂടെയുമൊക്കെ രവി പാകിയ അടിസ്ഥാന ശിലയാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.കേരളത്തില്‍ കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചത് രവീന്ദ്രനാഥന്‍ നായരാണ്. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്ന ആശയം കേട്ടുകേള്‍വിപോലും ഇല്ലാത്ത കാലത്താണ് സാമൂഹ്യ സേവന മൂല്യങ്ങളെ സ്വന്തം വ്യവസായത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. തന്റെ സമ്പത്ത് ചുറ്റുമുള്ള ജനങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് രവീന്ദ്രനാഥന്‍ നായര്‍ വിശ്വസിക്കുന്നു. രവിയ്ക്ക് ആദരം സംഘടിപ്പിച്ച മേയര്‍ വി രാജേന്ദ്രബാബുവും കൗണ്‍സിലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.മന്ത്രി കെ.രാജു ചടങ്ങില്‍ അധ്യക്ഷനായി. ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മേയര്‍ വി രാജേന്ദ്രബാബു, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍ എ, ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.നടി ശാരദ, ശില്പി കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര താരങ്ങളായ അശോകന്‍, ജലജ, എം ആര്‍ ഗോപകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍