ക്ലാസ് മുറികള്‍ സുരക്ഷിതമാക്കണം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി

 കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ക്ലാസ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കി. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അങ്കണവാടികളിലെയും ക്ലാസ് മുറികളില്‍ മതിയായ പരിശോധന നടത്തി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറഞ്ഞു. 2005 ലെ ഡിസാസ്റ്റര്‍ മാനേജമെന്റ് ആക്ട് പ്രകാരമാണ് ഉത്തരവ്. തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. പാമ്പും ഇഴ ജന്തുക്കളും പ്രവേശിക്കാന്‍ സാധ്യതയുള്ള ദ്വാരങ്ങളും മറ്റും അടയ്ക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എന്‍ജിനിയര്‍മാര്‍ വിദ്യാലയം സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി ഉറപ്പ് വരുത്തണം. സുരക്ഷാ പരിശോധന നടത്തി വിദ്യാഭ്യാസത്തില്‍ സൂക്ഷിച്ചിട്ടുള്ള പരിശോധനാ രജിസ്റ്ററില്‍ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പൊതുയിടങ്ങളിലും ഗ്രന്ഥശാലകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പിന്റെ സഹായത്തോടെ ഇവയെ മാറ്റാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ വിഷ ജന്തുക്കളെ കണ്ടാല്‍ അവയെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള പരിശീലനവും ബോധവത്കരണവും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സ തേടിയെത്തുന്ന രോഗിക്ക് ബന്ധപ്പെട്ട മാനദണ്ഡങ്ങളനുസരിച്ചുള്ള ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍