കേന്ദ്രത്തെ വെട്ടിലാക്കി വാട്‌സാപ് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ അജ്ഞത നടിച്ച കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി വാട്‌സാപിന്റെ പുതിയ വെളിപ്പെടുത്തല്‍. 121 ഇന്ത്യക്കാര്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ടെന്ന വിവരം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സാപ് വെളിപ്പെടുത്തിയത്. അതിനിടെ വാട്‌സാപ് ചോര്‍ത്തലിന് താനും ഇരയായിട്ടുണ്ടെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ചോര്‍ത്തല്‍ വാര്‍ത്തയായതോടെ പൌരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടത് എന്തുകൊണ്ട് അറിയിച്ചില്ലെന്നും സ്വകാര്യത ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്നും വാട്‌സാപ് വ്യക്തമാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയായിരുന്നു കേന്ദ്രം. എന്നാല്‍ ചോര്‍ത്തല്‍ നടന്ന കാര്യം മെയ് മാസത്തില്‍ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സാപ് വിശദീകരണം.പുറമെ 121 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ ചോര്‍ത്തലിന് ഇരയായതെന്ന് കാണിച്ച് സെപ്റ്റംബറില്‍ മറ്റൊരു കത്തും കേന്ദ്രത്തിന് നല്‍കിയിരുന്നുവെന്നും വാട്‌സാപ് വ്യക്തമാക്കി. ഇതോടെ ചോര്‍ത്തലിനെക്കുറിച്ച് അജ്ഞത നടിച്ച കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. ചോര്‍ത്തലിന് ഉപയോഗിച്ച പെഗാസസ് ഏത് സര്‍ക്കാര്‍ ഏജന്‍സിയാണ് കൈപറ്റിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ സ്‌പൈവെയര്‍ കൈമാറിയിട്ടുള്ളൂവെന്ന് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി എന്‍.എസ്.ഒ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ തന്റെ വാട്‌സാപ്പും ചോര്‍ത്തപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയത്.ബിജെപി സര്‍ക്കാറാണ് ഇതിന് ഉത്തരവാദികളെന്നും മമത ബാനര്‍ജി ആരോപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍