പൊലീസ് സഹ. സംഘം ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 കാസര്‍കോട്: ജില്ലാ പൊലീസ് സഹകരണ സംഘം ആസ്ഥാന മന്ദിരം ഡിസംബര്‍ ആദ്യവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാനഗര്‍ പാറക്കട്ടയിലെ ജില്ലാ പൊലീസ് ചീഫ് കാര്യാലയത്തിന് സമീപം 70 ലക്ഷത്തോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് നില കെട്ടിടം . കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവുമായ സുരേഷ് മുരിക്കോളി പ്രസിഡന്റായിട്ടുള്ള പൊലീസ് സഹകരണ സംഘം ഭരണസമിതിയുടെ പ്രധാന നേട്ടമായി തലയുയര്‍ത്തി നില്‍ക്കുകയാണ് പുതിയ ആസ്ഥാന മന്ദിരം. ഒരു നിലയില്‍ സംഘം ഓഫീസും ബാങ്കും മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ഏറ്റവും താഴെയായി കടമുറികളും അടങ്ങുന്നതാണ് കെട്ടിടം. 2014 ല്‍ തറക്കല്ലിട്ട കെട്ടിടം അഞ്ച് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 1700 പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും അംഗങ്ങളായ സംഘം 1996 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. വ്യക്തിഗത വായ്പയായി ഏഴ് ലക്ഷം രൂപയും അടിയന്തര വായ്പയായി ഒരു ലക്ഷം രൂപയും അംഗങ്ങള്‍ക്ക് സംഘം നല്‍കി വരുന്നുണ്ട്. മാരകമായ അസുഖം ബാധിച്ചവര്‍ക്ക് അര ലക്ഷം രൂപ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സാമ്ബത്തിക സഹായവും നല്‍കി വരുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് സുരേഷ് മുരിക്കോളി പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഈ വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സഹകരണ സംഘമായി തിരഞ്ഞെടുത്തതും കാസര്‍കോട് ജില്ലാ പൊലീസ് സഹകരണ സംഘത്തെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍