വയനാട് ചുരത്തിലേക്ക കേബിള്‍ കാര്‍ വരുന്നു

 മുക്കം: വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി വയനാട് ചുരത്തിനു സമാന്ത രമായി റോപ് വേയിലൂടെ കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നു. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട റോപ് വേ പദ്ധതി. ആറ് സീറ്റുകള്‍ ഉള്ള കേബിള്‍ കാറുകളില്‍ മണിക്കൂറില്‍ 400 പേര്‍ക്കുവരെ യാത്ര ചെയ്യാം. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ നാല്പതോളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ സ്ഥാപിക്കുക. 20 മിനിറ്റിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിച്ച് കേബിള്‍ കാര്‍ യാത്ര നടത്താം. സമാന്തര യാത്രാസൗകര്യമായതിനാല്‍, ചുരത്തിലെ തിരക്ക് കുറയ്ക്കാനാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പദ്ധതിയാണിത്. ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനലും അടിവാരത്ത് ലോവര്‍ ടെര്‍മിനലും ഉണ്ടാവും. അടിവാരം ടെര്‍മിനലിനോട് അനുബന്ധിച്ച് പാര്‍ക്കിംഗ്, പാര്‍ക്ക്, മ്യൂസിയം, കഫറ്റീരിയ, ഹോട്ടല്‍, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും സ്ഥാപിക്കും. കോഴിക്കോട്, വയനാട് ഡിടിപിസി, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ,പൊതു പങ്കാളിത്ത (പിപിപി) പദ്ധതിയാണിത്.ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ജോര്‍ജ് എം. തോമസ് എംഎല്‍എ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതര്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍, വനം, റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ടൂറിസം, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ വിശദപദ്ധതി അവതരിപ്പിക്കാനും അടുത്തയാഴ്ച മുതല്‍ സര്‍വേയും ഡിപിആറും തയാറാക്കാനും യോഗം തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍