ലഹരിവിമുക്തിക്കു കലാ കായിക മേഖലകളെ സമന്വയിപ്പിക്കണം : മന്ത്രി എ.സി. മൊയ്തീന്‍

തൃശൂര്‍: നാടിനെ ലഹരി വിമുക്തമാക്കേണ്ടത് കലാ കായിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടാകണമെന്ന് വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശം ഉയര്‍ത്തി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കി മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുകയും ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റെസിഡന്റ്‌സ് അസോസിയേഷന്‍സ് തുടങ്ങി മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ബോധവത്കരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥി കോര്‍ണറില്‍നിന്ന് ടൗണ്‍ ഹാള്‍ വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള 700 ഓളം എന്‍എസ്എസ്, സ്‌കൗട്ട്, എസ്പിസി കേഡറ്റുകളുടെ ബൈക്ക് റാലിയും വാക്കത്തോണും നടന്നു. നാടന്‍പാട്ട്, ദഫ് മുട്ട്, ട്രൈബല്‍ ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംഎല്‍എമാരായ മുരളി പെരുനെല്ലി, യു.ആര്‍. പ്രദീപ്, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയര്‍ അജിത വിജയന്‍, മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, കൗണ്‍സിലര്‍ കെ. മഹേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍. സാംബശിവന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സദീഷ്, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ. സനു, വിമുക്തിവിഷന്‍ മാനേജര്‍ കെ. ജോയ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍