മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി

ചെന്നൈ:മദ്രാസ് ഐ.ഐ.ടിയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നല്‍കിയത്. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹര്‍ജി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മദ്രാസ് ഐ.ഐ.ടിയില്‍ മാത്രം 14 ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹര്‍ജി നാളെ പരിഗണിയ്ക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പരീക്ഷ കാരണം ഐ.ഐ.ടി കാംപസിലെ വിദ്യാര്‍ത്ഥികളുടെ സമരം മാറ്റി വച്ചിരുന്നു. തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കും. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ബന്ധുക്കള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചെന്നെയിലെ ഫൊറന്‍സിക് വിഭാഗത്തിലെത്തും. ഹാജരാകാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് നേരത്തെ സമന്‍സ് അയച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍