വേണുവിന്റെ ചിത്രത്തില്‍ ആസിഫ് അലിയും പാര്‍വതിയും

ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഡിസംബര്‍ ഒന്നിന് വാഗമണ്ണില്‍ ചിത്രീകരണം തുടങ്ങും. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് പാര്‍വതി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ഉയരെയ്ക്ക് ശേഷം പാര്‍വതി മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. പൃഥ്വിരാജ് നായകനായ എസ്ര ഒരുക്കിയ ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഒടുവില്‍ നടക്കും. തുറമുഖത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും രാജീവ് രവി പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍