വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സാദ്ധ്യത വര്‍ദ്ധിപ്പിക്കും : മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഒഡെപെക് മുഖേന വിദേശത്തേക്ക് നഴ്‌സുമാര്‍ അടക്കമുള്ളവരുടെ റിക്രൂട്ട്‌മെന്റ് സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. അപ്പോളോ ഡിമോറയില്‍ നഴ്‌സുമാര്‍ക്കായി ഒഡെപെക് സംഘടിപ്പിച്ച സൗജന്യ യു.കെ. റിക്രൂട്ട്‌മെന്റിന്റെ സംസ്ഥാനതല ക്യാമ്‌ബെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവര്‍ഷം അഞ്ഞൂറോളം നഴ്‌സുമാരെയെങ്കിലും യു.കെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ക്യാമ്‌ബെയിന്‍ സംഘടിപ്പിക്കും. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമായിരിക്കുമെന്നും മന്ത്‌റി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശുപത്രികളില്‍ മൂന്ന് വര്‍ഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും. അതോടൊപ്പം ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിയും. ആകര്‍ഷണീയമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും. യു.കെയിലേക്ക് പോകാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് മൂന്നു വര്‍ഷം ലീവ് അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. യു.കെ.യിലെ നഴ്‌സുമാര്‍ക്കുള്ള എന്‍.എം.സി രജിസ്‌ട്രേഷന്റെ പ്രധാനയോഗ്യതയായ ഐ.ഇ.എല്‍.ടി.എസ്,ഒ .ഇ .ടി പരീക്ഷകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യു.കെ സന്ദര്‍ശനവേളയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷ മാത്രമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്‌റി വ്യക്തമാക്കി.ചടങ്ങില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പ്രതിനിധി എഡ് റോസ്, ഓപ്പറേഷന്‍സ് ആന്‍ഡ് സപ്ലൈ മാനേജര്‍ വെയ്ന്‍ ബെന്റ്‌ലൂ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, നഴ്‌സിംഗ് എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍.ലത, കേരളാ നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് രജിസ്ട്രാര്‍ ഡോ.സലീനാ ഷാ, പ്രസന്നകുമാരി, ഒഡെപെക് എം.ഡി അനൂപ് കെ.എ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍