ഇന്ത്യയുടെ കണക്കില്‍ വിശ്വാസമില്ല: ഐഎംഎഫ്

മുംബൈ: ഇന്ത്യയുടെ ധനകാര്യ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ബജറ്റ് കണക്കുകള്‍ കൂടുതല്‍ സുതാര്യമാകേണ്ടതുണ്ട്. യഥാര്‍ഥ ധനകാര്യനില അറിയാന്‍ മറ്റുള്ളവര്‍ക്കു പറ്റുന്നില്ല: ഐഎംഎഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ മേരി ഗുള്‍ഡെ പറഞ്ഞു.ഇതാദ്യമായാണ് ഐഎംഎഫ് ഇന്ത്യയുടെ കണക്കുകളെപ്പറ്റി പരസ്യവിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ ജിഡിപി കണക്കും വളര്‍ച്ചക്കണക്കും സംബന്ധിച്ചു ധനശാസ്ത്രജ്ഞര്‍ മൂന്നു നാലു വര്‍ഷമായി സംശയം ഉന്നയിക്കുന്നുണ്ട്. ജിഡിപി കണക്കാക്കലിന്റെ അടിസ്ഥാനവര്‍ഷം മാറ്റിയതിലും തുടര്‍ന്നുള്ള കണക്കുകളിലും ഒട്ടേറെപ്പേര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത് മോദി സര്‍ക്കാരിന്റെ ജിഡിപി വളര്‍ച്ചക്കണക്കുകള്‍ ഒന്നര ശതമാനം കൂട്ടിയുള്ളതാണെന്നാണ്. ഇപ്പോള്‍ ഐഎംഎഫ് വളര്‍ച്ചക്കണക്കിലും ബജറ്റ് കണക്കിലും സംശയം പ്രകടിപ്പിച്ചിരിക്കുന്നു. ഈയിടെ ബജറ്റിനുശേഷം 1.7 ലക്ഷം കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ചു. നികുതിപിരിവ് കുറയുകയും ചെയ്തു. എങ്കിലും ഗവണ്‍മെന്റ് ബജറ്റ് കമ്മി അടക്കമുള്ള കണക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ വളര്‍ച്ച കുത്തനെ താഴോട്ടുപോയിട്ടും കണക്കില്‍ കൃത്രിമം കാണിച്ച് മെച്ചപ്പെട്ട വളര്‍ച്ച ഉണ്ടെന്നു കാണിക്കുന്നതായി 100 ധനശാസ്ത്രജ്ഞര്‍ ഏതാനും മാസം മുമ്പ് സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.ജിഡിപി കണക്കാക്കലിന്റെ അടിസ്ഥാനവര്‍ഷം മാറ്റിയതും കണക്കില്‍ തിരുത്തല്‍ വരുത്തിയതും മുന്‍ ഗവണ്‍മെന്റിനേക്കാള്‍ മെച്ചമാണ് എന്‍ഡിഎ ഗവണ്‍മെന്റ് എന്നു കാണിക്കാനാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.ജി20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മോശപ്പെട്ട കണക്കെഴുത്താണ് ഇന്ത്യയുടേത് എന്നും ഐഎംഎഫ് ഡെപ്യൂട്ടി ഡയറക്ടര്‍ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്ഘടനകളാണു ജി 20ലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍