ഫാത്തിമയുടെ മരണം: സഹപാഠികളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍, ഫാത്തിമയുടെ സഹപാഠികളുടെ മൊഴി വീണ്ടുമെടുക്കുമെന്ന് പോലീസ്. കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുകയെന്നാണ് വിവരം. നേരത്തെ, വിദ്യാര്‍ഥികളുടെ മൊഴിയെടുത്തിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ ഇന്നലെ അധ്യാപകരെ ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണു മൂന്ന് അധ്യാപകരെ ചോദ്യംചെയ്തത്. ഐഐടി ഗസ്റ്റ് ഹൗസില്‍വച്ചാണ് സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെ ചോദ്യം ചെയ്തത്. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്നു മദ്രാസ് ഐഐടി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു അധ്യാപകരെ ചോദ്യം ചെയ്തത്. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിക്ക് ഇമെയില്‍ വഴിയാണ് ഐഐടി മറുപടി നല്‍കിയത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നിലവില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാല്‍ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍