ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും; വിശദീകരിച്ച് മോഹനന്‍

തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെയാണെന്നും അവരാണ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നും മോഹനന്‍ വിശദീകരിച്ചു. താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെയാണ് താന്‍ ഉദ്ദേശിച്ചത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലായിരുന്നു തന്റെ പരാമര്‍ശം. അതില്‍ ഉറച്ചുനില്‍ക്കുന്നു. മുന്‍കാലത്ത് മാവോയിസ്റ്റ് നേതാക്കളായിരുന്നവര്‍ ഇപ്പോള്‍ ഈ സംഘടനകളുടെ ഭാഗമാണ്. പന്തീരാങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്കു സ്വാധീനമുണ്ട്. കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് താന്‍ ഉദ്ദേശിച്ചില്ല. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധിച്ചു വരികയാണെന്നും മോഹനന്‍ മാധ്യമങ്ങളോടു പറഞ്ഞു. താന്‍ വിമര്‍ശിച്ചത് ഇസ്ലാം തീവ്രവാദികളെയാണ്. പാര്‍ട്ടിയുടെ നിലപാടാണ് താന്‍ പറഞ്ഞത്, വ്യക്തിപരമല്ല. മുസ്ലിം തീവ്രവാദികള്‍ എന്നുപറഞ്ഞാല്‍ അത് എല്ലാ മുസ്ലിംകളെയും ഉദ്ദേശിക്കുന്നില്ല. ഹിന്ദു തീവ്രവാദികള്‍ എന്നു പറയുമ്പോള്‍ അത് എല്ലാ ഹിന്ദുക്കളെയും ഉദ്ദേശിച്ചുള്ളതല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ മുസ്ലിം സമുദായ സംഘടനകള്‍ ഉള്‍പ്പെടെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. മാവോയിസ്റ്റുകളെ സഹായിക്കുന്നതു കോഴിക്കോട്ടുള്ള ഇസ്ലാമിക സംഘടനകളാണെന്നാണു പി. മോഹനന്‍ പ്രസംഗിച്ചത്. മാവോയിസ്റ്റുകള്‍ക്കു വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ്. പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനം എന്നും മോഹനന്‍ പറഞ്ഞു. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍