ഡേവിഡ് ആറ്റന്‍ബറോയ്ക്ക് ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരത്തിന് ബി.ബി.സി ബ്രോഡ്കാസ്റ്ററും വന്യജീവി നിരീക്ഷകനുമായ ഡേവിഡ് ആറ്റന്‍ബറോ അര്‍ഹനായി.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെട്ട അന്താരാഷ്ട്ര ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിത്. ഭൂമിയിലെ ജൈവ വൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുകയും പ്രകൃതിയിലെ അദ്ഭുതങ്ങളെ മനുഷ്യര്‍ക്ക് പരിചയപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത വ്യക്തിയാണ് ഡേവിഡ് ആറ്റന്‍ബറോയെന്ന് ജൂറി വിലയിരുത്തി. ഭൂമിയിലെ ജീവപരിണാമത്തെയും ജൈവ വൈവിദ്ധ്യങ്ങളെയും അവതരിപ്പിച്ച ലൈഫ് ഓണ്‍ എര്‍ത്ത് (1997) എന്ന പരമ്ബരയിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. സര്‍ പദവിയും ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പും ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. 'ലിവിംഗ് പ്ലാനറ്റ്: എ പോര്‍ട്രെയ്റ്റ് ഒഫ് ദ എര്‍ത്ത്' (1984), അന്റാര്‍ട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച 'ലൈഫ് ഇന്‍ ദ ഫ്രീസര്‍' (1993), 'ദ ലൈഫ് ഒഫ് ബേര്‍ഡ്‌സ്' (1998), 'ദ ലൈഫ് ഒഫ് മാമല്‍സ്' (2002), 'ദ പ്രൈവറ്റ് ലൈഫ് ഒഫ് പ്ലാന്റ്‌സ്' (1995) എന്നിവ അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഡോക്യുമെന്ററികളാണ്. 'ഗാന്ധി' എന്ന വിശ്രുത ചലച്ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ച റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ സഹോദരനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍