ന്യൂഡല്‍ഹി:വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കും. ഐ.ടി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരസംരക്ഷണബില്‍ പാര്‍ലമെന്റില്‍ ഉടന്‍തന്നെ അവതരിപ്പിക്കുമെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി അറിയിച്ചു. ചാരപ്രവൃത്തിയെ കുറിച്ച് അറിവുണ്ടായിട്ടും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കാത്തതിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്സ്ആപ് സന്ദേശം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. സര്‍ക്കാര്‍ വാട്സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്വകാര്യത സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇസ്രയേല്‍ ചാരസോഫ്റ്റ് വെയര്‍ പെഗാസസ് വാങ്ങിയോയെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. കോണ്‍ഗ്രസ് എം.പി ദ്വിഗ് വിജയ് സിംഗാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് നിയമപരമല്ലാത്ത നിരീക്ഷണം നടത്താറില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ജേര്‍ണലിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സ്ആപ് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് റോളാണുള്ളതെന്ന് വ്യക്തമാക്കണം എന്നായിരുന്നു ദിഗ്വിജയ് സിങിന്റെ ആവശ്യം. സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള ഡിജിറ്റല്‍ രംഗത്തെ പ്രമുഖരെ മാര്‍ക്കറ്റ് വളര്‍ത്താനായി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളു, എന്നാല്‍ ജനങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും പ്രധാനമാണ് എന്ന് അവര്‍ മനസ്സിലാക്കണം എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍