കവര്‍ച്ചക്കാരെ പൂട്ടാന്‍ പുതിയ സംവിധാനവുമായി പോലീസ്

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വീടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മോഷ്ടാക്കളോ അക്രമികളോ അതിക്രമിച്ചു കയറിയാല്‍ ഞൊടിയിടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിട്ടറിംഗ് സിസ്റ്റം (സിഐഎംഎസ്) രാജ്യത്ത് ആദ്യമായി കേരളത്തില്‍ നടപ്പാക്കുന്നു. അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. എറണാകുളം ജോസ്‌കോ ഷോറൂമില്‍ പദ്ധതിയുടെ ഡമോണ്‍സ്‌ട്രേഷന്‍ നടന്നു. മോഷ്ടാക്കളോ അക്രമികളോ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം സ്വയം പ്രവര്‍ത്തനക്ഷമമാകും. മോഷ്ടാക്കള്‍ നിശബ്ദമായാണ് ഉള്ളില്‍ കടക്കുന്നതെങ്കില്‍ ജീവനക്കാര്‍ക്ക് രഹസ്യ ബട്ടണ്‍ അമര്‍ത്തി സിസ്റ്റം സ്വയം പ്രവര്‍ത്തനക്ഷമമാക്കാം. ഇതോടെ തിരുവനന്തപുരത്ത് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഉടനടി ജാഗ്രതാനിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളത്ത് നടത്തിയ ഡെമോണ്‍സ്‌ട്രേഷന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍